നീലേശ്വരം: ജില്ലയിലെ ഏക ധാന്യസംഭരണ കേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ, എൻ.എഫ്.എസ് ഗോഡൗണുകളിൽനിന്നുളള റേഷൻവിതരണം സ്തംഭനാവസ്ഥയിലേക്ക്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് റേഷൻ ലോഡ് കൊണ്ടുപോയ ലോറികൾക്ക് ഏപ്രിലിലെ വാടക നൽകാത്തതാണ് കാരണം.
ലോറി ഉടമകൾക്ക് കരാറുകാരനാണ് തുക നൽകേണ്ടത്. നീലേശ്വരത്ത് നൂറിലധികം ലോറികൾ ഇങ്ങനെ കരാറടിസ്ഥാനത്തിൽ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. നീലേശ്വരം എഫ്.സി.ഐയിൽനിന്ന് 900 ലോഡ് ധാന്യങ്ങൾ കൊണ്ടുപോയിരുന്നത് ഇപ്പോൾ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. ഇതോടെ ലോറിത്തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും പ്രതിമാസം കിട്ടുന്ന പണി 10 ആയി ചുരുങ്ങി. ഇത് തൊഴിലാളികൾക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
സർക്കാറിൽനിന്ന് പണം കിട്ടുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. എന്നാൽ, വാടക തരാതെ ഒളിച്ചുകളിക്കുകയാണ് കരാറുകാരനെന്ന് ലോറിത്തൊഴിലാളികൾ പറയുന്നു. ഗോഡൗണിൽനിന്ന് റേഷൻ കൊണ്ടുപോകുന്ന ഇറക്കുകൂലി ലോറി ഉടമകൾതന്നെ കൊടുക്കേണ്ട സ്ഥിതിയുമുണ്ട്.
കരാറിൽ ഇല്ലാത്ത വ്യവസ്ഥയാണിതെന്ന് ഇവർ പറയുന്നു. സർക്കാറിൽനിന്ന് ഫണ്ട് കിട്ടിയാലേ വാടക തരൂ എന്നാണെങ്കിൽ കരാറുകാരന്റെ ആവശ്യമില്ലല്ലോയെന്നും ഡ്രൈവർമാർ ചോദിക്കുന്നു. വാടക കുടിശ്ശിക ഉടൻ തരാൻ നടപടി വേണമെന്നും ഇല്ലെങ്കിൽ റേഷൻ സ്തംഭന സമരം നടത്തേണ്ടിവരുമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അറിയിച്ചു.