ന്യൂഡൽഹി: നീറ്റ് യു.ജി മെഡിക്കൽ പ്രവേശന തർക്കത്തിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പരീക്ഷകളിലെ ക്രമക്കേടുകൾ തിരുത്താൻ സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു.
“ലക്ഷക്കണക്കിന് കുട്ടികൾ നീറ്റ് പോലുള്ള പരീക്ഷകൾക്ക് കഠിനമായി തയാറെടുക്കുകയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ അതിനായി ചെലവവിക്കുകയും ചെയ്യുന്നു. മുഴുവൻ കുടുംബവും ഈ പരിശ്രമത്തിൽ വിശ്വാസവും ശക്തിയും അർപ്പിക്കുന്നു. എന്നാൽ വർഷം തോറും പരീക്ഷകളിൽ പേപ്പർ ചോർച്ചയും, ഫലവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് -പ്രിയങ്ക എക്സ് പോസ്റ്റിൽ പറഞ്ഞു.
പരീക്ഷ നടത്തുന്ന ഏജൻസികളുടെ ഉത്തരവാദിത്തത്തെ കുറിച്ചും, സർക്കാർ അശ്രദ്ധമായ മനോഭാവം ഉപേക്ഷിച്ച് പരീക്ഷ സമ്പ്രദായത്തിൽ ഗൗരവമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേയെന്നും പ്രിയങ്ക ചോദിച്ചു. യുവസുഹൃത്തുക്കളുടെ സ്വപ്നങ്ങൾ ഇങ്ങനെ തകരുന്നത് കാണാൻ കഴിയില്ല. അവരുടെ കഠിനാധ്വാനത്തോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനദിനം തന്നെ നീറ്റ് ഫലം പുറത്തുവിട്ടതടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ രംഗത്തുവന്നിരുന്നു. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാംറാങ്ക്. ഇതിൽ ആറുപേർ ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷ എഴുതിയവരാണ്. കൂടാതെ, നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായാൽ ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റിവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. ചരിത്രത്തിലാദ്യമായി 719, 718 മാര്‍ക്ക് ലഭിച്ചതും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ചോദ്യ പേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായും നേരത്തെ ആരോപണമുയർന്നിരുന്നു.