കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് ജനപ്രതിനിധികൾ 24ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ലോക്കൽ ഗവൺമെന്റ് മെംബേഴ്‌സ് ലീഗ് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഫണ്ടുകളൊക്കെ കവർന്ന്, അധികാരങ്ങൾ തട്ടിയെടുത്തുള്ള സർക്കാർ നടപടി തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പ്രഹരമേൽപ്പിക്കുന്നു. ട്രഷറി നിയന്ത്രണം കടുത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം സ്തംഭിക്കുന്ന സ്ഥിതിയാണ്. പദ്ധതിച്ചെലവ് 34 ശതമാനം മാത്രമേ ആയുള്ളൂ. അവശേഷിക്കുന്ന രണ്ട് മാസത്തിനകം ബാക്കി 60 ശതമാനത്തിലേറെ ചെലവിടാനാവില്ലെന്ന് ഉറപ്പ്.ധനമന്ത്രി ജനപ്രതിനിധികളുടെ ആവലാതികൾ കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. 7460.65 കോടി തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതിൽ 2474.61 കോടി രൂപ മാത്രമാണ് ട്രഷറിയിൽ നിന്ന് കൊടുത്തത്. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ വകുപ്പ് സംയോജനവും കെ സ്മാർട്ടും ഓഫിസ് പ്രവർത്തനത്തെയും താറുമാറാക്കി. ഇത്തരമൊരു അവസ്ഥയിലാണ് പ്രക്ഷോഭം തുടരുന്നത്. വാർത്തസമ്മേളനത്തിൽ സംഘടന പ്രസിഡന്റ് കെ. ഇസ്മാഈൽ, ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ, ട്രഷറർ സി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.