ലോകത്തിൽ പലതരത്തിലുള്ള ഭക്ഷണശീലങ്ങളും പിന്തുടരുന്നവരുണ്ടാവും. പച്ചക്കറികൾ മാത്രം കഴിക്കുന്നവരുണ്ടാവും. മാംസം ഇഷ്ടപ്പെടുന്നവരുണ്ടാവും. വീഗനായിട്ടുള്ള ആളുകളുണ്ടാവും. എന്നാൽ, ഭക്ഷണം എന്ത് കഴിക്കണം എന്നത് അവരവരുടെ തെരഞ്ഞെടുപ്പാണ്. മറ്റൊരാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാൻ നമുക്ക് അവകാശമില്ല.
ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു വീഗൻ കുടുംബം അയൽക്കാർക്ക് എഴുതിയ കത്താണ് ചർച്ചയാവുന്നത്. സോഷ്യൽ മീഡിയയിൽ കത്ത് വലിയ വാദപ്രതിവാദങ്ങൾക്ക് തന്നെ കാരണമായിത്തീർന്നു. വലിയ അസഹിഷ്ണുതയാണ് കത്തെഴുതിയവർക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ മിക്കവരുടേയും അഭിപ്രായം. ഇത് ഗൗരവത്തിൽ എടുക്കണം എന്നാണ് കത്തിന്റെ മുകളിൽ എഴുതിയിരുന്നത്. കവറിലിട്ടാണ് കത്ത് അയൽക്കാരന് അയച്ചിരിക്കുന്നത്. കത്തിൽ പറയുന്നത്, താനും തന്റെ കുടുംബവും വീഗൻ ഡയറ്റ് പിന്തുടരുന്നവരാണ്. അതുകൊണ്ട് നിങ്ങൾ പാചകം ചെയ്യുമ്പോൾ ജനൽ അടച്ചിടണം എന്നാണ്. “എന്റെ കുടുംബം വീഗനാണ് (ഞങ്ങൾ സസ്യാഹാരങ്ങൾ മാത്രമേ കഴിക്കൂ) നിങ്ങൾ പാകം ചെയ്യുന്ന മാംസത്തിന്റെ മണം ഞങ്ങൾക്ക് ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സാറ, വെയ്‌നും കുട്ടികളും” ഇങ്ങനെയാണ് കത്തിൽ എഴുതിയിരുന്നത്. അധികം വൈകാതെ തന്നെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി.
ആദ്യം പെർത്തിലെ ആളുകൾ മാത്രമുള്ളൊരു പേജിലാണ് കത്ത് പോസ്റ്റ് ചെയ്തത്. പിന്നാലെ അത് നീക്കുകയും ചെയ്തു. എങ്കിലും കത്ത് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടെ ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകളുടെ കമന്റുകളും എത്തിത്തുടങ്ങി. കത്തെഴുതിയവരുടെ അഭിപ്രായം മാനിക്കണം എന്നായിരുന്നു ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ, മറ്റൊരു വിഭാഗം അതിനെ ശക്തമായി എതിർത്തു. എന്ത് പാകം ചെയ്യണം എന്നത് അവരവരുടെ താല്പര്യമാണ്, മണം സഹിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ നിന്നും സ്ഥലം മാറി പോകുന്നതാണ് നല്ലത് എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.