ലക്നൗ∙ ഉത്തർപ്രദേശിലെ സീതാപുരിൽ ദമ്പതികളെ അടിച്ചുകൊന്ന കേസിൽ മൂന്ന് അയൽവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ മകനും പ്രതികളിലൊരാളുടെ മകളും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു. അബ്ബാസ്, ഭാര്യ കമറുൾ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.2020ൽ അബ്ബാസിന്റെ മകൻ ഷൗക്കത്ത്, അയൽവാസിയായ രാംപാലിന്റെ മകൾ റൂബിയുമായി ഒളിച്ചോടിയിരുന്നതായി സീതാപുർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. ഈ സമയം റൂബിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. ഇതിനെ തുടർന്നു ഷൗക്കത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അടുത്തിടെ ജയിൽമോചിതനായ ഷൗക്കത്ത്, വീണ്ടും റൂബിയുമായി ഒളിച്ചോടുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇതിൽ കുപിതരായി രാംപാൽ ഉള്‍പ്പെടെയുള്ളവര്‍ എത്തി ഷൗക്കത്തിന്റെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.