ന്യൂഡൽഹി: ഇന്ത്യയിലെ പ്ലാൻ നിരക്കുകൾ കുറച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ്. നിലവിൽ 199 രൂപയായിരുന്ന മൊബൈൽ പ്ലാൻ 149 രൂപയായി. ടെലിവിഷനിൽ ഉപയോഗിക്കാവുന്ന പ്രാഥമിക പ്ലാൻ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയുമായിയാണ് കുറച്ചത്. പ്രതിമാസം 149യ്‌ക്ക് ഫോണിലോ ടാബ്‌ലറ്റിലോ മികച്ച ക്വാളിറ്റിയിൽ പരിപാടികൾ കാണാം. നേരത്തെ ഫോണുകൾക്ക് മാത്രമായുണ്ടായിരുന്ന 199 രൂപയുടെ പ്ലാൻ ഇനിമുതൽ ഫോൺ, ടാബ്,കമ്പ്യൂട്ടർ, ടിവി എന്നിവയിൽ ഉപയോഗിക്കാനാകും.
ഫോൺ,ടാബ്,കമ്പ്യൂട്ടർ, ടിവി എന്നിവയിൽ മികച്ച ക്വാളിറ്റി ലഭ്യമായിരുന്ന 649 രൂപയുടെ സ്‌റ്റാൻഡേർഡ് പ്ലാൻ നിരക്ക് 499 രൂപയായും കുറച്ചിട്ടുണ്ട്. ഉയർന്ന ക്വാളിറ്റി (ഫോർ കെ, എച്ച് ഡി) പരിപാടികൾ കാണാവുന്ന പ്രീമിയം പ്ലാനിന് 799 ൽ നിന്നും 649 രൂപയായും നെറ്റ്‌ഫ്ലിക്‌സ് കുറച്ചു. ഇന്ത്യയിലെ മുഖ്യ എതിരാളികളായ ആമസോൺ പ്രൈം നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെറ്റ്‌ഫ്ലിക്‌സ് നിരക്കുകൾ കുറച്ചത്.