തിരുവനന്തപുരം: തൈക്കാട് ഗവ. ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികള്‍ വാങ്ങിയത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. കുഞ്ഞിന്റെ അമ്മയുമായി ഒരുമിച്ച് വീട്ടുജോലിക്ക് നിന്നപ്പോള്‍ ഉള്ള പരിചയമാണെന്ന് വാങ്ങിയ സ്ത്രീ പറഞ്ഞു. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തീയതി ജനിച്ച കുഞ്ഞിനെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് കരമന സ്വദേശികളായ ദമ്പതികള്‍ക്ക് വിറ്റത്. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നു കൈമാറ്റം.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുഞ്ഞിനെ വിറ്റ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സിഡബ്ല്യുസി മുഖേന കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും എതിരെ കേസെടുക്കും. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.