തിരുവനന്തപുരം : അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്‍റെ കരട് തയ്യാറായതായും മന്ത്രി പറഞ്ഞു. പിണറായി സർക്കാരിൻ്റെ ഇനിയുള്ള കാലയളവിലും കൊച്ചിയിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കും. ഇതിനായി കൊച്ചി നഗരസഭ അഞ്ച് ഏക്കർ കണ്ടെത്തണം.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.
തിരുവനന്തപുരം മേളയില്‍ പങ്കെടുക്കാനാവാതിരുന്ന മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.