കൊച്ചി: പുതുവത്സരാഘോഷത്തിൽ ഫോർട്ട് കൊച്ചിയിലെ സംഘാടനത്തിൽ വന്ന പിഴവിൽ കളക്ടർ റിപ്പോർട്ട് തേടും. ക്രമീകരണങ്ങളിലെ വീഴ്ചകൾ നാണക്കേടായതോടെയാണ് നടപടി. ഫോർട്ട്കൊച്ചിയിലേക്കുള്ള കേന്ദ്രീകരണം ഒഴിവാക്കാൻ അടുത്ത വർഷം മുതൽ പ്രാദേശികമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേയർ അനിൽകുമാർ പറഞ്ഞു.
പുതുവത്സരരാവിൽ ജനബോംബ് ആയി മാറുമായിരുന്ന ഫോർട്ട് കൊച്ചി ആഘോഷത്തിൽ ജില്ലാ ഭരണകൂടവും പഴികേൾക്കുമ്പോഴാണ് കളക്ടറുടെ ഇടപെടൽ. ക്രമീകരണങ്ങളിൽ വന്ന വീഴ്ചകളാണ് താഴേത്തട്ടിൽ പരിശോധിക്കുന്നത്. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടകസമിതിക്ക് കഴിഞ്ഞില്ല. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും നിശ്ചിത എണ്ണം ആളെത്തിയിട്ടും സുരക്ഷ കടലിൽ കായംകലക്കിയ പോലായി.