വെല്ലിംഗ്ടണ്‍: മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ മാതാവിനെ കുറ്റക്കാരിയാണെന്ന് വിധിച്ച് ന്യൂസിലാന്‍ഡ് കോടതി. ഒരുമാസത്തെ വിചാരണയ്‌ക്കൊടുവിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്. ലോറെയ്ന്‍ ഡിക്കാസണ്‍ എന്ന യുവതിയാണ് തന്റെ മൂന്ന് മക്കളെ ക്രൂരമായി കൊന്നത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബമാണ് ഇവരുടേത്. ന്യൂസിലാന്‍ഡ് നഗരമായ തിമാരുവിലെ വീട്ടില്‍ വെച്ചാണ് മൂന്ന് കുഞ്ഞുങ്ങളെയും ഇവര്‍ കൊന്നത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇവര്‍ രണ്ട് വയസ്സുള്ള ഇരട്ടക്കുഞ്ഞുങ്ങളായ മായയേയും, കാര്‍ലെയേയും കൊലപ്പെടുത്തിയത്. ശേഷം തന്റെ ആറുവയസ്സുള്ള മകൾ ലിയാനെയും ഇവര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.
കുട്ടികളെ താന്‍ തന്നെയാണ് കൊന്നതെന്ന് ഇവര്‍ സമ്മതിച്ചു. എന്നാല്‍ മാനസിക നില തെറ്റിയ നിലയിലുള്ള ശിശുഹത്യയായി പരിഗണിക്കണമെന്നായിരുന്നു ഇവരുടെ വാദം. കേസ് പരിഗണിച്ച ക്രൈസ്റ്റ് ചര്‍ച്ച് ജഡ്ജാണ് ഡിക്കാസണ്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഞെട്ടലോടെയാണ് ഡിക്കാസണിന്റെ അഭിഭാഷകന്‍ വിധി കേട്ടത്. അകാരണമായ ദേഷ്യമാണ് കുഞ്ഞുങ്ങളെ കൊല്ലാന്‍ ഡിക്കാസണിനെ പ്രേരിപ്പിച്ചത് എന്ന് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ മക്‌റേ കോടതിയെ അറിയിച്ചു.ദേഷ്യമോ പകയോ അല്ല കുഞ്ഞുങ്ങളെ കൊല്ലാന്‍ ഡിക്കാസണിന് പ്രേരിപ്പിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെറിന്‍ ബീറ്റണ്‍ പറഞ്ഞു. ഡിക്കാസണിന്റെ കടുത്ത മാനസിക അസ്വാസ്ഥ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.