കവര്‍ധ: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പൊട്ടിത്തെറിയില്‍ ഗുരുതര പരിക്കേറ്റു. ഛത്തീസ്ഗഡിലാണ് സംഭവം. വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയിലാണ് സംഭവം നടന്നത്. തിങ്കഴാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്‍റെ ഭീത്തിയും മുറിയുടെ മേല്‍ക്കൂരയും തകര്‍ന്നു. ഹോം തിയേറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയിലെ മറ്റ് ഫര്‍ണിച്ചറുകള്‍ക്കും സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ബാധിത മേഖലയോട് ഏറെ ചേര്‍ന്നുള്ള ഛത്തീസ്ഗഡ് മധ്യപ്രദേശ് അതിര്‍ത്തിയിലാണ് സംഭവം നടന്നത്. റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്ന ഗ്രാമം. ഏപ്രില്‍ 1 ന് വിവാഹിതനായ 22കാരനായ ഹേമേന്ദ്ര മെരാവി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ വീടിനകത്തെ മുറിയില്‍ വച്ച് തുറന്ന് നോക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തതിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
ഹോം തിയറ്റര്‍ ഓണാക്കാനായി ഇതിന് തൊട്ട് അടുത്ത് തന്നെ നിന്നിരുന്ന നവവരന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരനും 30കാരനുമായ രാജ്കുമാറിനും ഒന്നരവയസുകാരനായ ബാലനും അടക്കം മറ്റ് നാല് പേര്‍ക്കും പൊട്ടിത്തെറിയില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഇതില്‍ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസും ഫൊറന്‍സ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പൊട്ടിത്തെറിയുടെ യഥാര്‍ത്ഥ കാരണത്തേക്കുറിച്ച് ഇതുവരെയും സൂചനകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. തകര്‍ന്ന നിലയില്‍ ഹോം തിയേറ്ററിന്‍റെ പല ഭാഗങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന ഹോം തിയേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.