ടെൽ അവീവ്: റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേർ ഗാസാ അതിർത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ഹമാസ് ആക്രമണത്തിൽ 24 മണിക്കൂറിനിടെ 16 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. യുദ്ധം നാശത്തിന് മാത്രമേ ഉപകരിക്കൂ എന്നും സ്വതന്ത്ര പലസ്തീൻ എന്നതാണ് പ്രശ്ന പരിഹാരമെന്നും മാർപാപ്പ വ്യക്തമാക്കി.
പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിവിധ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇന്‍റനാഷണൽ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആണ് വാഗ്ദാനം.