തിരുവനന്തപുരം: ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേയുടെ ക്രൂരത. റിസർവേഷൻ വേളയിൽപ്പോലും സൂചന നൽകാതെയാണ് യാത്രക്കാരെ പാതിവഴിയിൽ തള്ളിയത്. ഞായറാഴ്ചമാത്രം കേരളത്തില്‍ ദീർഘദൂര എക്സ്പ്രസുകളും പാസഞ്ചറുകളുമടക്കം 33 ട്രെയിൻ പൂർണമായും 12 ട്രെയിൻ ഭാഗികമായും റദ്ദാക്കി. ഇതര സംസ്ഥാനക്കാരായ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള പതിനായിരങ്ങൾ പല റെയിൽവേ സ്‌റ്റേഷനുകളിലായി കുടുങ്ങി. പ്രത്യേക ദിവസത്തേക്ക് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തവരും തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടവരും ഇതിലുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അന്താരാഷ്ട്ര–- ആഭ്യന്തര യാത്രക്കാരുടെ വിമാനയാത്രകളും മുടങ്ങി. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതോടെ കെഎസ്‌ആർടിസി- സ്വകാര്യ ബസുകൾ ഉൾപ്പെടെ ദീർഘദൂര സർവീസുകളിലെല്ലാം യാത്രക്കാർ നിറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് റെയിൽവേ പത്രക്കുറിപ്പ് നൽകിയിരുന്നെങ്കിലും ടിക്കറ്റ് റിസർവ് ചെയ്‌തവർക്ക് പലർക്കും ഏറെ വൈകിയാണ് അറിയിപ്പ് ലഭിച്ചത്.
ദീർഘദൂര ട്രെയിനുകളായ കൊച്ചുവേളി -ഗൊരഖ്പുർ രപ്തിസാഗർ, തിരുവനന്തപുരം സെൻട്രൽ ലോക്മാന്യ തിലക് ടെർമിനൽ, ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ എറണാകുളം, കൊല്ലം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിച്ചു. മണിക്കൂറുകളോളം വൈകിയാണ് പല ട്രെയിനുകളും സർവീസ് പൂർത്തിയാക്കയത്. മംഗളൂരു– -നാഗർകോവിൽ ഏറനാട്, പാലക്കാട്–- എറണാകുളം മെമു, പാലക്കാട്–- തിരുനെൽവേലി പാലരുവി, എറണാകുളം–- ഷൊർണൂർ മെമു, കൊല്ലം– ചെന്നൈ പ്രതിവാര എക്‌സ്‌പ്രസുകൾ പൂർണമായും റദ്ദാക്കി. ആലപ്പുഴ–- കണ്ണൂർ, പരശുറാം, കൊച്ചുവേളി, വേണാട്, ജനശതാബ്ദി, ഇന്റർസിറ്റി എക്‌സ്‌പ്രസുകൾ പാതിവഴിയിലും സർവീസ് നിർത്തി.
റെയിൽവേയുടെ ഔദ്യോഗിക ആപ്പായ റെയിൽയാത്രി ഉൾപ്പെടെയുള്ളവയിലും യഥാസമയം വിവരങ്ങൾ നൽകിയില്ല. സ്‌റ്റേഷനുകളിലും വൈകലിന്റെയോ പുറപ്പെടലിന്റെയോ വിവരങ്ങളുടെ അനൗൺസ്മെന്റിലും കൃത്യത ഇല്ലായിരുന്നു. ഒരേസമയം കൊച്ചുവേളി സ്റ്റേഷനിലും ചാലക്കുടി പാലത്തിലുമുള്ള പ്രവർത്തനങ്ങൾക്കായാണ് ട്രെയിനുകൾ ക്രമീകരിച്ചത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമിന്റെയും ട്രെയിൻ നിർത്തിയിടാനുള്ള സ്ലേബിങ് ലൈനുകളുടെയും നിർമാണങ്ങളാണ് നടക്കുന്നത്. ദിവസങ്ങളായി ഇവിടെ ട്രെയിൻ ക്രമീകരണമുണ്ട്. ഇതിനൊപ്പം ചാലക്കുടി പാലത്തിലെ കാലപ്പഴക്കമുള്ള ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പണികൂടി ഞായറാഴ്ച നടത്തിയതാണ് ട്രെയിൻ ഗതാഗതത്തെ താളം തെറ്റിച്ചത്.
ശബരിമല തീർഥാടനം, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള, അടുപ്പിച്ചുള്ള രണ്ടാം ശനി, ഞായർ അവധി ദിനങ്ങളും ഒരുമിച്ച് വന്നതോടെ പതിവ് യാത്രക്കാരുടെ എത്രയോ ഇരട്ടിപ്പേരാണ് ഞായറാഴ്‌ച യാത്രയ്‌ക്കെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് സന്ദേശം ഫോണിൽ നൽകിയിരുന്നതായി അധികൃതർ അവകാശപ്പെട്ടു.