തിരുവനന്തപുരം> വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. കേന്ദ്ര സർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോർപറേറ്റും എന്നരീതിയിൽ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ജനങ്ങളെ അനുസരണ ശീലരാക്കുകയെന്നതാണ് പുതിയ രീതി. ചോദ്യങ്ങളെ വിലക്കുകയാണ്.
ചോദ്യങ്ങൾ ഉണ്ടാകുകയെന്നതാണ് ഒരു ജനാധിപത്യരാജ്യത്തിൽ പ്രാഥമികമായി ഉണ്ടാകേണ്ടത്. അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുന്നത്. ആ നിഷേധമാണ് ദേശവിരുദ്ധതയെന്നും അരുന്ധതി പറഞ്ഞു. തിരുവനന്തപുരത്ത് സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇസ്രയേൽ–– പലസ്തീൻ പ്രശ്‌നത്തിന്റെ അടിസ്ഥാനപ്രശ്‌നം കടന്നുകയറ്റുമാണ്. കടന്നുകയറ്റത്തിന് സഹായം നൽകുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നതെന്നും അരുന്ധതി പറഞ്ഞു.പൊതുപരിപാടി എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ. പോൾ തേലക്കാട്ട് അധ്യക്ഷനായി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ പങ്കെടുത്തു.