കൊച്ചി> ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് എറണാകുളം കലക്ടര്‍ ഡോ. രേണുരാജ്. ബ്രഹ്മപുരത്തും സമീപത്തും ഉള്ളവര്‍ നാളെ വീടുകളില്‍ കഴിയണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്. ബ്രഹ്മപുരത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റര്‍ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തല്‍.ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പു ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേന എത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടര്‍ അറിയിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്.