തിരുവനന്തപുരം: കേരളത്തിനുള്ള വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി നീതിരഹിതവും വിവേചനപൂർവവുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും വികസനപ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും തടസ്സപ്പെടുത്താനും കേന്ദ്ര നടപടി കാരണമാകും.
സംസ്ഥാനങ്ങൾക്ക് വീതംവച്ച് നൽകുന്ന ഡിവിസിബിൾ പൂളിൽനിന്ന് പത്താം ധനകമീഷൻ കേരളത്തിന് അനുവദിച്ചിരുന്നത് 3.875 ശതമാനം വിഹിതം ആയിരുന്നു. എന്നാൽ 15––ാം ധന കമീഷന്റെ കാലമായപ്പോൾ ഈ വിഹിതം 1.925 ശതമാനത്തിലെത്തി.ഈ വെട്ടിക്കുറയ്ക്കലുകളുടെ ഫലമായി കേരളത്തിന്റെ മൊത്ത വരുമാനത്തിൽ വർഷം പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. അതുപോലെ റവന്യു ഗ്രാന്റിൽ കുറവു വരുത്തിയതു കാരണം 6700 കോടി രൂപയുടെ നഷ്ടമുണ്ടായി.
കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഈ നടപടി തിരുത്താനും കേരളത്തിന് അർഹതപ്പെട്ട വായ്പാപരിധി പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കാനം രാജേന്ദ്രൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.