തിരുവനന്തപുരം> കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണമെന്നും ഈ ലക്ഷ്യത്തോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുലമായ നെറ്റ്‌വർക്ക് രൂപീകരിക്കാൻ കഴിയും. ഇതു ബാങ്കിങ് പ്രവർത്തനത്തെ ഉന്നത മാനങ്ങളിലേക്ക് ഉയർത്തുമെന്നും കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
സംസ്ഥാനമാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള തീരുമാനം വേഗത്തിൽ പ്രായോഗികമാക്കണം. ഗ്രാമീണ ഇടപാടുകാരിലേക്കു കൂടുതലായി ബാങ്കിങ് സൗകര്യങ്ങൾ എത്തിക്കണം. 2,000 മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണം. കഴിഞ്ഞ സാമ്പത്തികവർഷം 1,21,358 കോടിയുടെ ഇടപാടാണ് കേരള ബാങ്ക് വഴി നടന്നത്. മുൻവർഷത്തേക്കാൾ 11,000 കോടി രൂപ കൂടുതലാണിത്. നിക്ഷേപ സമാഹരണത്തിലും വായ്‌പാ വിതരണത്തിലും റെക്കോഡ് വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാങ്കിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താനുള്ള പ്രവർത്തനങ്ങളുണ്ടാകണം. വ്യതിയാനങ്ങൾ എവിടെയെങ്കിലുമുണ്ടായാൽ കൃത്യമായി നേരിട്ട് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി കേരള ബാങ്ക് പുറത്തിറക്കിയ കെബി പ്രൈം മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മിനിസ്റ്റേഴ്സ് ട്രോഫി വിതരണം, എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം എന്നിവയും നടന്നു. ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, ഐടി ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ് എന്നിവർ സംസാരിച്ചു.