തിരുവനന്തപുരം > നാടും നഗരവും ഉത്സവത്തിമിർപ്പിലാക്കി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് ശനിയാഴ്ച കൊടിയിറങ്ങും. സംഗീത, നൃത്ത, വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും പൊലിമ ചാർത്തിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് വർണശബളമായ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് സമാപനമാകുക.കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം വൈകുന്നേരം ഏഴിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, വീണാ ജോർജ്, ചലച്ചിത്ര താരങ്ങളായ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് തുടങ്ങിയവർ സംബന്ധിക്കും. ഹരിശങ്കറിന്റെ മ്യൂസിക്ക് ബാൻഡ് അവതരണവും നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
ഘോഷയാത്ര വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഫ്ളോട്ടുകൾ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരക്കും. മൂവായിരത്തോളം കലാകാരന്മാർ പങ്കെടുക്കും. വാദ്യഘോഷങ്ങൾക്കൊപ്പം വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയെ പ്രൗഢമാക്കും.’ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27 ന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. കേരളത്തിൻറെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും സംഗീത, ദൃശ്യവിരുന്നുകളും മാറ്റുകൂട്ടിയ ഓണം വാരാഘോഷം വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് മാത്രം 31 വേദികളിലായിരുന്നു ഓണാഘോഷം.