ചെറുതോണി: ഇടുക്കി ആനച്ചാൽ ആമക്കണ്ടത്ത് ആറ് വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് പതിനാലുകാരി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. മ്ലാമല സ്വദേശി സുനിൽകുമാറി (മുഹമ്മദ് ഷാൻ–-50 )നാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസ് വധശിക്ഷ വിധിച്ചത്. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും തലയ്ക്കടിച്ച് കൊല്ലാനും ഇയാൾ ശ്രമിച്ചിരുന്നു. ഇതിലടക്കം നാല് ജീവപര്യന്തം ശിക്ഷയും വിധിച്ചു. മറ്റ് വകുപ്പുകളിലെതടക്കം 92 വർഷം തടവ് അനുഭവിക്കണം. പ്രതികരിക്കാൻ ശേഷിയില്ലാത്ത കുട്ടിയെ ക്രൂരമായി കൊന്നതുൾപ്പെടെ പ്രതിയുടെ ക്രൂരത അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിലയിരുത്തി. 9.91 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കിൽ 11 വർഷം അധികം തടവ് അനുഭവിക്കണം. വെള്ളത്തൂവൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 73 സാക്ഷികളെ വിസ്തരിച്ചു.
2021 ഒക്ടോബർ രണ്ടിന് പുലർച്ചെ മൂന്നിനാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപാതകവും ബലാത്സംഗവും നടത്തിയത്. ആദ്യം ആൺകുട്ടിയെയും മുത്തശ്ശിയെയും ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചശേഷം തൊട്ടടുത്ത വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയുടെയും തലയ്‌ക്കടിച്ചു. തുടർന്ന് പെൺകുട്ടിയെ വീടിനടുത്തുള്ള ഷെഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സനീഷ്, പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസ് എന്നിവർ ഹാജരായി.