ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലകളിൽ (എൻസിആർ) വായൂമലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് അഭ്യർഥിച്ച് ഡൽഹി സർക്കാർ. മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളിൽ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാതെ സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽറായ് അഭ്യർഥിച്ചു. പഞ്ചാബ് സർക്കാരിന് കേന്ദ്രസഹായം കിട്ടാത്തതിനാൽ പാടങ്ങളിൽ കച്ചിയും മറ്റും കത്തിക്കുന്നത് തുടരുകയാണെന്നും കർഷകർ ഇത് അവസാനിപ്പിക്കണമെന്നും റായ് പറഞ്ഞു.
തലസ്ഥാന നഗരപ്രദേശങ്ങളിൽ ഗുരുതര വിഭാഗത്തിൽപ്പെടുന്ന നാനൂറിന് മുകളിലാണ് വായുനിലവാരം (എക്യുഐ) . ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡൽഹിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വായുമലിനീകരണം കുറയ്‌ക്കാൻ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കാൻ യുപി, ഹരിയാന സർക്കാരുകളോട് ഡൽഹി സർക്കാർ അഭ്യർഥിച്ചു. കഴിഞ്ഞാഴ്‌ച തലസ്ഥാന നഗരപ്രദേശങ്ങളിൽ നിർമാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറങ്ങിയിരുന്നു.
വരുമാനം മുടങ്ങിയ നിർമാണ തൊഴിലാളികൾക്ക് അയ്യായിരം രൂപ ആശ്വാസധനം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ആരോഗ്യത്തെ ഗുരുരമായ ബാധിക്കുമെന്നതിനാൽ പുറത്തിറങ്ങുന്നത് ആളുകൾ ഒഴിവാക്കണമെന്നും സ്‌കൂളുകൾ താൽക്കാലികമായി അടയ്‌ക്കമമെന്നും പരിസ്ഥിതി പ്രവർത്തകൻ വിംലേന്ദു ഝാ ആവശ്യപ്പെട്ടു.