ന്യൂഡൽഹി > ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും. അപകടകകാരണം ഇനിയും വ്യക്തമാകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് റെയിൽവെ ബോർഡ് ശുപാർശ ചെയ്‌തതായി മന്ത്രി അശ്വനി വൈഷ്‌ണവ് ഭുവനേശ്വറിൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടകാരണം ഡ്രൈവറുടെ പിഴവോ സാങ്കേതികതകരാറോ അല്ലെന്ന നിലപാടിലാണ് റെയിൽവെ ബോർഡ്. അട്ടിമറിസാധ്യത സംശയിക്കുന്നുമുണ്ട്. ഇലക്‌ട്രോണിക്ക് ഇന്റർലോക്കിങ് സംവിധാനത്തിൽ തിരിമറി നടന്നിട്ടുണ്ടാകാമെന്ന് റെയിൽ ബോർഡ് അംഗം ജയ വർമ സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. അപകടകാരണം കൃത്യമായി മനസ്സിലാക്കാൻ റെയിൽസുരക്ഷാ കമീഷണറുടെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
അതേ സമയം അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒഡീഷ സർക്കാർ കുറവുവരുത്തി. പുതിയ കണക്കുകൾപ്രകാരം ആകെ മരണം 175 ആണ്. 1175 പേർക്ക് പരിക്കുണ്ട്. 288 മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ചില മൃതദേഹങ്ങൾ ഒന്നിലേറെ തവണ എണ്ണിയതിനാലാണ് മരണസംഖ്യ കൂടിയതെന്ന് ചീഫ്‌സെക്രട്ടറി പി ജെ ജെന അറിയിച്ചു. 275 ആണ് കൃത്യമായ മരണസംഖ്യയെന്ന് ബാലസുർ ജില്ലാ കളക്ടറാണ് റിപ്പോർട്ട് നൽകിയത്. ദുരന്തസ്ഥലത്ത് റെയിൽഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവർ ബാലസുർ, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളിലായി ചികിൽസയിലാണ്.
ചെന്നൈയിലേക്ക് വരികയായിരുന്ന കൊറമണ്ഡൽ എക്‌സ്‌പ്രസ് പ്രധാന പാതയിൽ നിന്ന് മാറി ലൂപ്പ്‌ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്ന് ജയ വർമ പറഞ്ഞു. 128 കി.മീ വേഗതയിലായിരുന്ന കൊറമണ്ഡലിന് പ്രധാന പാതയിലൂടെ പോകാൻ പച്ച സിഗ്‌നൽ നൽകിയിരുന്നു. എന്നാൽ ലൂപ്പ് ലൈനിലേക്ക് മാറി ഇരുമ്പയിര് നിറച്ച ചരക്കുവണ്ടിയിൽ ഇടിഞ്ഞു. നല്ല ഭാരം കയറ്റിയിരുന്നതിനാൽ ചരക്കുവണ്ടിക്ക് കാര്യമായ ആഘാതമുണ്ടായില്ല. കൊറമണ്ഡലിനാണ് ആഘാതം പൂർണമായും ഏറ്റത്. ബോഗികൾ പാളംതെറ്റി രണ്ടാമത്തെ പ്രധാനപാളത്തിലേക്ക് തെറിച്ചു. ഈ പാതയിലൂടെ പോയിരുന്ന യശ്വന്ത്‌പ്പുർ–- ഹൗറ എക്‌സ്‌പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ കൊറമണ്ഡലിന്റെ ബോഗികൾ ഇടിച്ചു –- ജയ വർമ പറഞ്ഞു.