പട്ന : ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ് എൻഐഎ ഏറ്റെടുത്തു. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശന വേളയിൽ ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കേസ്. എൻഐഎ സംഘം കഴിഞ്ഞ ദിവസം ചമ്പാരനിൽനിന്ന് മദ്രസ അധ്യാപകനായ അസ്ഗർ അലിയെ അറസ്റ്റു ചെയ്തിരുന്നു. ബംഗ്ലദേശിലെ തീവ്രവാദ സംഘടനയുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തി.
ഫുൽവാരി ഷെരീഫ് കേസിൽ നേരത്തേ നാലു പേരെ ബിഹാർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവരെ എൻഐഎയും ഐബിയും ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിട്ടുണ്ട്.