തിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്തു രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പുതുവത്സര രാത്രിയില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥന നടത്തിപ്പില്‍ ആശയക്കുഴപ്പം. പ്രാര്‍ഥനകള്‍ അനുവദിക്കുമോ, ആരാധനാലയങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ബാധകമാണോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രാര്‍ഥനകള്‍ അനുവദിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഇന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയേക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. അവശ്യ യാത്രകളൊഴിച്ച് മറ്റ് എല്ലാ യാത്രകളും തടഞ്ഞ് പിഴയീടാക്കും.
31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയില്‍ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവില്‍ 50 ശതമാനമാണ്. ഇതു കര്‍ശനമായി തുടരും. വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.