ഊട്ടി : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നീലഗിരി ജില്ലയിലെ ഉല്ലാസകേന്ദ്രങ്ങൾ ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് അടച്ചത് സഞ്ചാരികളെ നിരാശരാക്കി. ശനിയാഴ്ചമുതലാണ് നീലഗിരിയിലെ എല്ലാ ഉല്ലാസകേന്ദ്രങ്ങളും രാവിലെ പത്തുമണിക്ക് തുറന്ന് വൈകീട്ട് മൂന്നുമണിക്ക് അടയ്ക്കണമെന്ന് കളക്ടർ എസ്.പി. അമൃത് ഉത്തരവിട്ടത്. ഇതറിയാതെ ഉച്ചയ്ക്കുശേഷം ഉല്ലാസകേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികൾ നിരാശരായി തിരിച്ചുപോയി. ഇവരിൽ കൂടുതലും മലയാളികളായിരുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയായിരുന്നു നേരത്തെ പ്രവേശനസമയം. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ട് ഡോസും എടുത്തവരെ മാത്രമേ ഉല്ലാസകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ. കർശനനിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇനിമുതൽ ഊട്ടിയിൽ സഞ്ചാരികൾ വരുന്നത് കുറയാനാണ് സാധ്യത. ഊട്ടി സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കൂനൂർ സിംസ് പാർക്ക്, ടീ പാർക്ക് തുടങ്ങിയ എല്ലാ ഉല്ലാസകേന്ദ്രങ്ങളിലും നിയന്ത്രണം ബാധകമാണ്. ഞായറാഴ്ച ഇവിടങ്ങളിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു.