കോഴിക്കോട്∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് അരക്കിലോമീറ്ററോളം ദൂരെ പുഴയോരത്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്. മരിച്ച മുഹമ്മദിന്റെ ബന്ധുക്കൾ, അയൽവാസികൾ എന്നിവരോട് മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തു. അതേസമയം കേന്ദ്രസംഘത്തിന്റെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കുറ്റ്യാടി പാലത്തിനു സമീപം പൊലീസ് തടഞ്ഞു.