തിരുവനന്തപുരം: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളമാണെന്ന് വ്യക്തമാക്കി നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഒരിക്കൽക്കൂടി കണ്ടെത്തിയിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2016ൽ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്‍റെ തോത് 2021ൽ 0.55 ശതമാനമായി കുറഞ്ഞെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.
ബിഹാർ 33.76 ശതമാനം, ജാർഖണ്ഡ് 28.81 ശതമാനം, മേഘാലയ 27.79 ശതമാനം, ഉത്തർപ്രദേശ് 22.93 ശതമാനം, മധ്യപ്രദേശ് 20.63 ശതമാനം തുടങ്ങിയ നിലയിൽ ദാരിദ്ര്യം നിലനിൽക്കുന്നുവെന്നും നീതി ആയോഗ് റിപ്പോര്‍ട്ടിൽ പറയുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം എറണാകുളം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ഇനിയും ബാക്കിയുള്ള ദാരിദ്ര്യം കൂടി തുടച്ചുമാറ്റാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആദ്യമെടുത്ത തീരുമാനം, കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നുവെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ, വരുമാനം എന്നിവ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2025 നവംബർ ഒന്നിന് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാനാകും. നീതി ആയോഗിന്റെ പുതിയ സൂചികകളും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ആവേശം പകരുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, തൊഴിലുറപ്പ് പദ്ധതിയിലും രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.