പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ബോട്ട് ഗംഗാനദിയിൽ ജെപി സേതു പാലത്തിലെ തൂണിലിടിച്ചു. അപകടമുണ്ടായെങ്കിലും ബോട്ടിൽ യാത്ര ചെയ്തവരെല്ലാം സുരക്ഷിതരാണ്. ജലവിഭവ മന്ത്രി സഞ്ജയ് ഝായും മുഖ്യമന്ത്രിക്കൊപ്പം ബോട്ടിലുണ്ടായിരുന്നു.
ഛഠ് പൂജയ്ക്ക് പട്നയിലെ ഗംഗാ ഘാട്ടുകളിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം ബോട്ടിൽ യാത്ര ചെയ്യവേയാണ് അപകടം. ഈ മാസം 30, 31 തീയതികളിലാണ് ബിഹാറിൽ ഏറെ പ്രാധാന്യമുള്ള ഛഠ് പൂജ നടക്കുന്നത്. ബോട്ടിനുണ്ടായ സാങ്കേതിക തകരാർ കാരണമാണു നിയന്ത്രണം വിട്ടു തൂണിലിടിച്ചതെന്നു പട്ന ജില്ലാ മജിസ്ട്രേറ്റ് ഡോ.ചന്ദ്രശേഖർ സിങ് അറിയിച്ചു.
അപകടത്തിനു ശേഷം മുഖ്യമന്ത്രിയെയും സംഘത്തെയും സുരക്ഷിതരായി മറ്റൊരു ബോട്ടിലേക്കു മാറ്റി കരയ്ക്കെത്തിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം ഗംഗയിലെ ജലനിരപ്പ് പലയിടത്തും അപകടനിലയ്ക്കു മുകളിലാണ്.