പട്ന∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ പ്രചരണത്തിനിറങ്ങിയതോടെ ഇവർക്കിടയിൽ നേരത്തേയുള്ള രഹസ്യധാരണ വെളിപ്പെട്ടെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ട ചിരാഗ് പസ്വാൻ ബിജെപിയുടെ താൽപര്യാനുസരണം ജനതാദൾ (യു) സ്ഥാനാർഥികളെ തിരഞ്ഞു പിടിച്ചു തോൽപിക്കാനുള്ള പദ്ധതി നടപ്പാക്കിയെന്ന് നിതീഷ് ആരോപിച്ചു.
ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു തീരുമാനം ശരിയായിരുന്നെന്നു നിതീഷ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചിരാഗ് പസ്വാൻ ബിഹാറിൽ ബിജെപി സ്ഥാനാർഥികൾക്കായി പ്രചരണത്തിനിറങ്ങിയത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഗോപാൽഗഞ്ച്, മൊകാമ മണ്ഡലങ്ങളിലെ ആർജെഡി സ്ഥാനാർഥികൾ വിജയിക്കുമെന്നു നിതീഷ് കുമാർ പറഞ്ഞു.