തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമ സഭാ നടപടികൾ ഇന്നും സ്തംഭിക്കാൻ സാധ്യത. എംഎൽഎമാർക്കെതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തതിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനും നീക്കം ഉണ്ട്. സംഘർഷത്തിൽ സ്പീക്കറുടെ റൂളിങ് ഇന്നുണ്ടാകുമോ എന്ന് വ്യക്തമല്ല.
ഒരേ സ്ഥലത്തുനടന്ന സംഭവത്തിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെരികെ ചുമത്തിയത് വ്യത്യസ്ത വകുപ്പുകളാണ്. ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.
സ്പീക്കർ എ എൻ ഷംസീർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുന്നു എന്നാരോപിച്ചാണ് സ്പീക്കറുടെ ഓഫീസിനു മുന്നിൽ മാർച്ച് 15ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതിനിടെയാണ് പ്രതിഷേധിച്ച യുഡിഎഫ് എംഎൽഎമാരും വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഭരണപക്ഷ അംഗങ്ങൾക്കൂടി എത്തി പ്രതിപക്ഷ സാമാജികരെ നേരിട്ടതോടെ നിയമസഭാ മന്ദിരം അസാധാരണ സംഘർഷത്തിന്റെ വേദിയാവുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ കെ രമ, സനീഷ്‌കുമാർ ജോസഫ് എന്നിവർ അടക്കം അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷവും ആക്രമിച്ചതായി ആരോപണമുയർന്നു. സനീഷ് ജോസഫ് എംഎൽഎയും അഡീ. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് വനിതകൾ അടക്കം ഏഴ് വാച് ആൻഡ് വാർഡും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.