തൃശൂർ: കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും ജീവനക്കാരും കള്ള് ഷാപ്പില്‍ പോയ സംഭവത്തിൽ പ്രസിഡന്‍റിനെതിരെ നടപടിയെടുക്കാത്തതില്‍ കാട്ടൂര്‍ സി പി എം ലോക്കല്‍ കമ്മിറ്റിയിൽ പ്രതിഷേധം ശക്തം. പ്രസിഡന്‍റിനെതിരെ പാർട്ടി നടപടിയെടുക്കില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധിച്ച് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ പാർട്ടിയിൽ നിന്ന് രാജി വെച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മനോജ് വലിയപറമ്പില്‍, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറിയും എല്‍ സി മെമ്പറുമായ എം എന്‍ സുമിത്രന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജി വെച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റും ജീവനക്കാരും കള്ള് ഷാപ്പില്‍ പോയ വിഷയത്തിൽ നടപടി ആവശ്യപെട്ട് എൽ സി അംഗമായ സുമിത്രന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെയും ഏരിയ കമ്മിറ്റിയേയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് അടിയന്തിര ലോക്കല്‍ കമ്മിറ്റി യോഗം കാട്ടൂരില്‍ ചേര്‍ന്നിരുന്നു. എൽ സി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍രിനെതിരെ നടപടി ഉണ്ടാകില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവ പാർട്ടി അംഗത്വം രാജിവച്ചത്.
ഇക്കഴിഞ്ഞ ഇരുപതാം തിയതിയായിരുന്നു തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം വാർത്തയായത്. എൽ ഡി എഫ് ഭരിക്കുന്ന തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ളവർ ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്‍റെ സെൽഫി ചിത്രമാണ് പ്രചരിച്ചത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദത്തിന് തിരികൊളുത്തിയതെന്നാണ് വ്യക്തമാകുന്നത്. കള്ള് ഷാപ്പിലെ ചിത്രം ഏറ്റെടുത്ത് കോൺഗ്രസാണ് ആദ്യം വലിയ പ്രതിഷേധത്തിന് തുടക്കമിട്ടത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയിരുന്നു. പ്രസിഡന്‍റ് രാജി വയ്ക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ മുന്നോട്ടു വച്ചത്. ഇതിന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകരും പ്രതിഷേധം ഏറ്റെടുത്തു. ബി ജെ പി കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം സി പി എമ്മിലും വലിയ ചർച്ചയായത്.