ന്യൂഡൽഹി: നിലവിലെ കറൻസി നോട്ടുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക്. മഹാത്മ ഗാന്ധിയുടെ ചിത്രത്തിന് പകരം മറ്റു മഹാന്മാരുടെ ചിത്രം കൂടി ഉൾപ്പെടുത്താൻ നീക്കമുണ്ടെന്ന വാർത്തകളെത്തുടർന്നാണ് ആർബിഐ പ്രസ്താവന ഇറക്കിയത്. കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ് ടഗോർ, എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ട് പുറത്തുവന്നത്. റിസർവ് ബാങ്ക് ഇതു സംബന്ധിച്ച് ആലോചനകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.
ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകൾ തയാറാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതെത്തുടർന്നാണ് വിശദീകരണവുമായി ആർബിഐ രംഗത്തെത്തിയത്.