ഇസ്‌ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തനിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യം പാക്കിസ്ഥാൻ സുപ്രീംകോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണക്കോടതിയുടെ നടപടികളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഇമ്രാൻ ഖാൻ, തന്റെ പദവികൾ ദുരുപയോഗം ചെയ്‌തതായാണ് ആരോപണം. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽനിന്ന് ഇളവ് ലഭിക്കാത്തതിനാലാണ് ഇമ്രാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ മറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നതാണ് തോഷഖാന കേസ്. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്‌തെന്നതാണ് ‘തോഷഖാന’ കേസ്. പാക്ക് സർക്കാർ ഉദ്യോഗസ്ഥർക്കു വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണു ‘തോഷഖാന’.
പാക്കിസ്ഥാനിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്‌ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്‌ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം തുക നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം. 2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്തെന്നാണ് ആരോപണം. ഈ കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.