കൊച്ചി : ഒറ്റയാൾപോരാട്ടം തുടരുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാരിനെതിരേ കഴിഞ്ഞ അഞ്ചുവർഷവും ഒറ്റയാൾപോരാട്ടം തന്നെയാണ് നടത്തിയത്. പിന്നീടാണ് പാർട്ടി അത് ഏറ്റെടുത്തത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ സർക്കാരിനെ തുറന്നുകാട്ടുന്ന നടപടികളുമായി മുന്നോട്ടുപോകും. പാർട്ടി നേതൃത്വവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല -മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗവർണർ വെളിപ്പെടുത്തണം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. അത് ഗവർണർ നിഷേധിച്ചിട്ടില്ല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. മുഖ്യമന്ത്രി അപകടകരമായ മൗനം പാലിക്കുകയാണ്. കേരള സർവകലാശാല വൈസ് ചാൻസലറുടെ മൗനവും ദുരൂഹമാണ്. പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.