മലപ്പുറം: മലപ്പുറം ജില്ലയിൽ നിലവിൽ മാവോവാദി പ്രവർത്തനങ്ങളില്ലെന്നും അവ നിയന്ത്രണവിധേയമാണെന്നും ഡി.ജി.പി അനിൽ കാന്ത്. മാവോവാദി മേഖലകളിൽ പൊലീസിന്‍റെ പ്രവർത്തനങ്ങളും സാന്നിധ്യവും സജീവമായതിനാൽ നിലവിൽ ജില്ലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഡി.ജി.പി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗുണ്ടപ്രവർത്തനങ്ങൾ, ലഹരിവ്യാപനം, സ്വർണക്കടത്ത് തുടങ്ങിയവ തടയാൻ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്ത് പുതിയ പദ്ധതികൾ തയാറാക്കും. കരിപ്പൂർ വഴി സ്വർണക്കടത്ത് തടയുന്നതിൽ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിെല പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഡി.ജി.പി പറഞ്ഞു. കരിപ്പൂരിൽ പൊലീസ് ചെയ്യുന്നപോലെ മറ്റു വിമാനത്താവളങ്ങളിലും പരിശോധനകൾ ശക്തമാക്കും.
വിഴിഞ്ഞത്തെ അക്രമങ്ങൾ പൊലീസ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചുവരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞാൽ എടുത്ത കേസുകളിൽ ഉടൻ അറസ്റ്റും ശക്തമായ നടപടികളും കൈക്കൊള്ളുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.