ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിന് പുറത്ത് പരിസ്ഥിതി ലോല മേഖലയാണെങ്കിൽ അവിടെയും ഖനനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി. സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമതിലിന് പുറത്തുള്ള പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് താഴെയായലും ഖനനത്തിനുളള നിരോധനം ഒരു കിലോമീറ്റർ വരെയായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതൽ മേഖല വിധിയിൽ ഭേദഗതി വരുത്തി ഏപ്രിൽ 26ന് പുറപ്പെടുവിച്ച വിധിയിൽ ഒരു കിലോമീറ്റർ ചുറ്റളവിനപ്പുറത്ത് ഖനനം അനുവദനീയമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു സുപ്രീംകോടതി.
പരിസ്ഥിതി ലോല മേഖലയിൽ നിരോധിത പ്രവർത്തനമാണ് ഖനനമെന്നും അതിനാൽ ആ മേഖല സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ അപ്പുറത്തേക്ക് നീണ്ടാലും ഖനനം അനുവദിക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.