ന്യൂഡൽഹി∙ ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകൾക്കുള്ളിൽ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കിൽ അങ്ങോട്ടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയിൽ പ്രവേശനം വിലക്കുകയും ചെയ്യും – നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു.
‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് യുകെയിൽ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വർഷം മാത്രം 45,000ൽ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളിൽ വന്നിറങ്ങിയത്. 2018ൽ വന്നവരേക്കാൾ 60% കൂടുതൽപ്പേരാണ് കഴിഞ്ഞ വർഷം ഇങ്ങനെ ഇംഗ്ലണ്ടിൽ എത്തിയത്.
If you come to the UK illegally:
➡️ You can’t claim asylum
➡️ You can’t benefit from our modern slavery protections
➡️ You can’t make spurious human rights claims
➡️ You can’t stay pic.twitter.com/026oSvKoJZ
— Rishi Sunak (@RishiSunak) March 7, 2023
അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. കഴിഞ്ഞ വർഷം മുതൽ ഇങ്ങനെയെത്തുന്നവരെ ഡീപോർട്ട് ചെയ്യാനുള്ള നീക്കങ്ങൾ യുകെ ആരംഭിച്ചിരുന്നു. റുവാണ്ടയിലേക്കു ചില അഭയാർഥികളെ മാറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ജൂണിൽ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ ഇൻജക്‌ഷൻ വന്നതോടെ റുവാണ്ടയിലേക്ക് കയറ്റിവിടുന്നത് താൽക്കാലികമായി നിർത്തിയിരുന്നു.