കോഴിക്കോട്: വവ്വാലുകള്‍ സസ്തനി വിഭാഗത്തില്‍പെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍/ കടവാതിലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ധം മൂലം ശരീരത്തില്‍ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.
കിണറുകളിലും, ഗുഹകളിലും, ആള്‍താമസം കുറവുള്ള കെട്ടിടങ്ങളിലും, പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും, പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകള്‍ / നരിച്ചീറുകള്‍ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേര്‍ന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു.