ന്യൂഡൽഹി ∙ ഒരാളെയും നിർബന്ധപൂർവം കുത്തിവയ്പെടുപ്പിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പു നൽകുന്ന ഭരണഘടനയുടെ 21–ാം വകുപ്പിൽ വാക്സീൻ നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടും. സർക്കാരിനു പൊതുജനതാൽപര്യാർഥം നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ, നിയന്ത്രണങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും കോടതി വിധിച്ചു.
വാക്സീൻ നിർബന്ധിതകമാക്കുന്നതുൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട വാക്സീൻ ഉപദേശക സമിതി മുൻ അംഗം ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണു നടപടി.വാക്സീൻ കുത്തിവയ്പു വഴിയുള്ള വിപരീതഫലങ്ങൾ ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ വ്യക്തികൾക്കും ഡോക്ടർമാർക്കും അവസരം നൽകണമെന്നും ഇവ വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടു തന്നെ പൊതുജനങ്ങൾക്കു പരിശോധിക്കാൻ സൗകര്യം ഉണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി.
കുട്ടികൾക്കു വാക്സീൻ നൽകാനുള്ള നയപരമായ തീരുമാനം കോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ വിവിധ ക്ലിനിക്കൽ ട്രയലുകളിൽ ലഭിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കാനും നിർദേശിച്ചു. കോവിഡിനെതിരെ കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സീനുകൾക്ക് അടിയന്തര ഉപയോഗാനുമതി നൽകുന്നതിൽ കേന്ദ്ര സർക്കാർ ധൃതി കാട്ടിയെന്ന വാദം കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ നയം ന്യായമായിരുന്നുവെന്ന് വിലയിരുത്തി.
ഇതിനിടെ, സ്പുട്നിക് V വാക്സീൻ എടുത്തവർക്കു മറ്റു വാക്സീനുകൾ ഉപയോഗിച്ചു വീണ്ടും കുത്തിവയ്പു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി പരിഗണിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രാലയത്തിനു നിവേദനമായി നൽകാൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.