ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗ സമാന രൂപത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ഹൈന്ദവ വിഭാഗത്തിന്റെ ആവശ്യം വാരണാസി കോടതി തള്ളി. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാർബൺ ഡേറ്റിങ് നടത്തണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.
പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീൽ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാർബൺ ഡേറ്റിങ് പോലുള്ള ഏത് സർവേയും എന്ന് വാരണാസിയിലെ കോടതി പറഞ്ഞു.
കഴിഞ്ഞ മാസം, അഞ്ച് ഹിന്ദു ഹരജിക്കാരിൽ നാല് പേർ മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗ സമാന രൂപത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. ഹിന്ദു ദേവതകളുടെ പുരാതന വിഗ്രഹങ്ങൾ മസ്ജിദിനുള്ളിൽ ഉണ്ടെന്നും സ്ത്രീകൾ അവകാശപ്പെട്ടിരുന്നു.
അഞ്ച് ഹിന്ദു സ്ത്രീകൾ പള്ളി സമുച്ചയത്തിനുള്ളിലെ ആരാധനാലയത്തിൽ പ്രാർഥനക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കീഴ്‌ക്കോടതിയുടെ ഉത്തരവനുസരിച്ച് ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേയിലാണ് ശിവലിംഗ സദൃശമായ രൂപം കണ്ടെത്തിയത്. അതേസമയം, വുദു (അംഗശുദ്ധി) എടുക്കുന്ന ഭാഗത്തെ -വുദു ഖാന- ഫൗണ്ടന്റെ അവശിഷ്ടമാണ് ശിവലിംഗമായി വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് മുസ്‍ലിം ഗ്രൂപ് വിശദീകരിച്ചിരുന്നു.