ദില്ലി: ഉത്തരേന്ത്യയിൽ നിരവധി പേരുടെ ജീവനെടുത്ത് കാലവർഷം. ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി , ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, അസം, മണിപ്പൂർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്.
ദില്ലിയിൽ മഴക്കെടുതിയിൽ ഒരാൾ മരിച്ചു. ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് വീണ് 58 കാരിയായ സ്ത്രീയാണ് ഇന്നലെ മരണപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
അതിനിടെ ജമ്മു കശ്മീർ നദിയിൽ കാണാതായ രണ്ടു സൈനികർക്ക് തെരച്ചിൽ തുടരുകയാണ്. കനത്ത മഴെത്തുടർന്ന് ജമ്മു – ശ്രീനഗർ ദേശീയ പാത അടച്ചു. തുടർച്ചയായി രണ്ടാം ദിവസവും നിർത്താതെ പെയ്ത മഴയിൽ ജമ്മുവിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മുവിലും വിവിധ സ്ഥലങ്ങളിലും ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കുടുങ്ങിയ ആയിരക്കണക്കിന് തീർഥാടകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതേസമയം ദക്ഷിണേന്ത്യയിലും മഴ തുടരുകയാണ്. കർണാടകയിൽ മഴ ശക്തമാണെങ്കിലും കേരളത്തിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ട്. ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് ശേഷം കേരളത്തിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.