ന്യൂഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) ബാധകമായ മേഖലകള്‍ കുറയ്ക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗാലാന്‍ഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിലെ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. സുരക്ഷ മെച്ചപ്പെട്ടെന്നും വിഘടനവാദ ഭീഷണി കുറഞ്ഞെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണു നടപടിയെന്ന് അമിത് ഷാ പറഞ്ഞു.
കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം കൊണ്ടുവരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി മേഖലയിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ അതിവേഗ വികസനം നടപ്പാക്കാൻ കഴിഞ്ഞതും സർക്കാരിന്റെ പരിശ്രമഫലമായാണ്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.