റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡന്‍റ് വിസകൾ ഇനി പാസ്പോർട്ടിൽ പതിക്കേണ്ടതില്ല. വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിപ്പിക്കുന്നു. അടുത്ത മാസം മുതൽ ഇ-വിസയിൽ സൗദിയിലെത്താം. അനുവദിച്ച വിസയുടെ ബാർകോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ് ചെയ്ത് എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
2023 മെയ് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക. അതെ സമയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിർദേശങ്ങളോ സൗദി വിദേശകാര്യ മന്ത്രാലയമോ കോൺസുലേറ്റുകളോ അറിയിച്ചിട്ടില്ല.
ഈ പരിഷ്കരണം പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ്. സന്ദർശന വിസയിൽ ആശ്രിതരെ കൊണ്ട് വരുന്നവർക്കും ഇത് ഉപകാരപ്രദമാണ്. വിസ അനുവദിച്ചു കിട്ടിയാലും പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തു കിട്ടാൻ വേണ്ടി ഏറെ ദിവസങ്ങൾ കാത്തിരിക്കണം. സ്റ്റാമ്പ് ചെയ്തുകിട്ടാതെ വിമാന ടിക്കറ്റ് എടുക്കാനോ മറ്റ് യാത്രാ ക്രമീകരണങ്ങൾ നടത്താനോ സാധ്യമാകില്ല.
ടിക്കറ്റ് നേരത്തെ എടുക്കാതിരുന്നാൽ സീസൺ അനുസരിച്ച് നിരക്ക് ഉയരാനും ചെലവ് ഇരട്ടിക്കാനും കാരണമാകും. ഓരോ പാസ്‌പോർട്ടിന് ഏകദേശം 10,000 രൂപക്ക് മുകളിൽ സ്റ്റാമ്പിങ്ങിന് ചെലവ് വരുന്നുണ്ട്.
കുട്ടികൾ കൂടുതലുള്ള വലിയ കുടുംബത്തിന് ഭാരിച്ച തുക വിസ സ്റ്റാമ്പിങ്ങിന് മാത്രമായി ചെലവിടണം. സമയ നഷ്‌ടവും ടിക്കറ്റ് നിരക്കിലെ വർധനവും അതിന് പുറമെയും. ഇതായിരുന്നു നിലവിലെ അവസ്ഥ. എന്നാൽ പുതിയ നിയമം പ്രാബല്യത്തിലായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല സൗദിയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുമുണ്ടാകും. ഇന്ത്യക്ക് പുറമെ യു.എഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.