നിലമ്പൂർ : കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശിനി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രാജ്യത്തിനു പുറത്ത് നടത്തിയ കുറ്റകൃത്യം അന്വേഷിക്കുന്നതിൽ കേരള പൊലീസിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി ഹാരിസിന്റെ മാതാവാണ് കോടതിയെ സമീപിച്ചത്. ഓണാവധി കഴിഞ്ഞ് ഹർജി പരിഗണിക്കും.
2020 മെയ് 5നാണ് ഇരുവരും കൊല്ലപ്പെട്ടത്. ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം തഹസിൽദാരുടെ സാന്നിധ്യത്തിൽ 25–ാം തീയതി രാവിലെ ഒൻപതിനു പുറത്തെടുക്കും. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച് ഫൊറൻസിക് മേധാവിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം തെളിവെടുപ്പ് നടത്തും.
പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ മുഖ്യപ്രതി നിലമ്പൂർ കൈപ്പഞ്ചരി ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമാണ് ഇരട്ടക്കൊലപാതകം നടത്തിയെന്നാണ് കൂട്ടുപ്രതികൾ നൽകിയ മൊഴി. ഷൈബിന്റെ ബിസിനസ് പങ്കാളിയായ ഹാരിസിന്റെ ഫ്ലാറ്റിൽ വച്ച് ആദ്യം ജീവനക്കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹാരിസാണ് വധിച്ചതെന്നു വരുത്തിത്തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ചു. ഹാരിസിനെക്കൊണ്ട് ജീവനക്കാരിയുടെ മുഖത്തടിച്ച് വിരലടയാളം പതിപ്പിച്ചെന്നും കൂട്ടുപ്രതികളുടെ മൊഴിയുണ്ട്. തുടർന്ന് ഹാരിസിനെ കൈഞരമ്പ് മുറിച്ച് ബാത്ത് ടബ്ബിൽ തള്ളി.
ഷൈബിന് ഹാരിസിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകങ്ങൾക്കുള്ള പ്രധാന പ്രേരണയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിസിനസ് പങ്കാളിയായ ഹാരിസിന്റെ വരുമാനവും സ്വന്തമാക്കുകയെന്നതും കൊലപാതകത്തിനു കാരണമായെന്നു പറയുന്നു. ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്തുള്ള ഈ യുവതിയെ കേസിൽ പ്രതിയാക്കുമെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതിനിടെ, ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അബുദാബിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന പൊലീസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നൽകും. സിബിഐയുടെ ഇന്റർപോൾ വിങ് വഴി അബുദാബിയിലെ ഇന്ത്യൻ എംബസിക്കു കത്ത് കൈമാറും. എംബസി മുഖേന അബുദാബിയിലെ കേസിന്റെ രേഖകൾ വാങ്ങും. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർ അബുദാബിക്കു പോകും.