ഗുരുഗ്രാം: നൂഹിൽ വർഗീയ കലാപം ആളിക്കത്തിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പശുഗുണ്ട തലവൻ ബിട്ടു ബജ്റംഗിക്ക് ജാമ്യം. ആഗസ്റ്റ് 17ന് നൂഹ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് ഉഷാ കുണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബജ്റംഗിക്കതിരെ പൊലീസ് നടപടിയെടുത്തത്.സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച ബിട്ടു ബജ്റംഗിക്കെതിരെ ഫരീദാബാദിലെ ദാബുവ പൊലീസാണ് കേസെടുത്തിരുന്നത്. കാവി വസ്ത്രം ധരിച്ച ഇയാൾ നടന്നുപോകുന്നതും പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പ്രകോപനപരമായ ഗാനത്തോടൊപ്പമാണ് ബജ്റംഗി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇയാളുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘവും ആയുധങ്ങളുമായി മാർച്ച് നടത്തിയിരുന്നു. ഇതിനിടെ ഉക്ഷ കുണ്ടുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ തടയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.ജൂലൈ 31ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പശു സംരക്ഷണത്തിൽ മറവിൽ ചെയ്ത ആക്രമങ്ങളിലൂടെയാണ് രാജ് കുമാർ എന്ന ബിട്ടു ബജ്റംഗി കുപ്രസിദ്ധി നേടിയത്.