ഡല്‍ഹി : വംശീയ വിവേചനം മന്ത്രിസഭയിൽ പോലും അനുഭവിക്കേണ്ടി വന്നു എന്ന് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് എം.പി. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുസ്‌ലിം മന്ത്രിയായിരുന്ന നുസ്‌റത് ഗനിയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്‌ലിമായതിന്റെ പേരിലാണ് മന്ത്രിസഭയിൽനിന്ന് പുറത്തായതെന്ന വനിതാ കൺസർവേറ്റീവ് എം.പിയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ.ആരോപണത്തിൽ കാബിനറ്റ് ഓഫീസ് അന്വേഷണത്തിനാണ് ബോറിസ് ജോൺസൻ ഉത്തരവിട്ടത്.
അന്വേഷണത്തെ നുസ്‌റത് ഗനി സ്വാഗതം ചെയ്തു. വിഷയം ഗൗരവമായി എടുക്കണമെന്നു മാത്രമാണ് തന്റെ വെളിപ്പടുത്തലിലൂടെ ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ ആരോപണം പൂർണമായും തെറ്റാണെന്നാണ് കൺസർവേറ്റീവ് ചീഫ് വിപ്പ് മാർക് സ്‌പെൻസർ പ്രതികരിച്ചത്. തന്നെയാണ് നുസ്‌റത് ആരോപണത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അപകീർത്തി പരാമർശമായാണ് ഇതിനെ കരുതുന്നതെന്നും സ്‌പെൻസർ വ്യക്തമാക്കി. 2018ലാണ് ബ്രിട്ടീഷ് ഗതാഗത മന്ത്രിയായി നുസ്‌റത് ഗനി അധികാരമേറ്റത്. എന്നാൽ 2020 ഫെബ്രുവരിയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അവർക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു.
ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോൾ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചയിൽ തന്റെ മുസ്‌ലിം സ്വത്വം ഒരു പ്രശ്‌നമായി ഉന്നയിക്കപ്പെട്ട കാര്യം ചീഫ് വിപ്പ് ചൂണ്ടിക്കാണിച്ചതായി അഭിമുഖത്തിൽ നുസ്‌റത് വെളിപ്പെടുത്തി. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവർത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റിൽ അടിയേറ്റ പോലെയായിരുന്നു അത്. ഞാൻ അപമാനിതയായി. എന്നാൽ സംഭവം പാർട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജിവയ്ക്കണമെന്ന് അന്ന് ആലോചിച്ചിരുന്നു’- അവർ കൂട്ടിച്ചേർത്തു.