ഓട്സ് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മത്തെ ഇല്ലാതാക്കുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ഓട്‌സിൽ സാപ്പോണിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങളിൽ അടയുകയും ചർമ്മത്തെ പുറംതള്ളുകയും ചെയ്യുന്ന അഴുക്കും എണ്ണയും നീക്കം ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റാൻ ഓട്സ് രണ്ട് രീതിയിൽ ഉപയോഗിക്കാം.
രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ തെെരും മിക്സ് ചെയ്യുക. ഇതോടൊപ്പം ഒരു ടീസ്പൂൺ നാരങ്ങയുടെ നീര് കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ശേഷം മുഖത്തും കഴുത്തിന് ചുറ്റുമായും ഇടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ മാത്രമല്ല ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും ഈ പാക്ക് സഹായിക്കും.