ഡെട്രോയിറ്റ്: ചരമക്കോളങ്ങളിലെ വിവരങ്ങൾ പരിശോധിച്ച് നിരവധി വീടുകൾ കൊള്ളയടിച്ച 44കാരൻ ഒടുവിൽ പിടിയിലായി. മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം. ജെറി റയാന ആഷ്ലി എന്ന 44കാരനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഗ്രോസ് പോയിന്റ് വുഡ്സ് എന്ന സ്ഥലത്തെ ഒരു വീടിനുള്ളിലെ മോഷണ ശ്രമത്തിനിടയിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. വീട്ടിലെ ആളുകൾ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങുകളിൽ ഏർപ്പെടുന്ന സമയത്തായിരുന്നു ഇയാൾ ഇവിടെ മോഷ്ടിക്കാൻ കയറിയത്.
എന്നാൽ വീട്ടിലെ സുരക്ഷാ സംവിധാനങ്ങൾ മോഷ്ടാവ് കയറിയതിന് പിന്നാലെ അലാറാം മുുഴക്കിയതോടെയാണ് പൊലീസ് വീട്ടിലേക്ക്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സമാനമായ രീതിയിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്. വീട്ടുകാർ ഏറ്റവും ദുർബലരായ സമയത്ത് മോഷണം നടത്തുന്നതായിരുന്നു ജെറിയുടെ രീതി. ഇതിനായി ചരമക്കോളങ്ങളും ശവസംസ്കാര അറിയിപ്പുകളും സ്ഥിരമായി ജെറി വായിച്ചിരുന്നു.
ബന്ധുക്കൾ ചടങ്ങിനായി പോവുന്നതിന് പിന്നാലെ തന്ത്രപരമായി വീടുകളിൽ കയറിക്കൂടിയ ശേഷം വീട്ടുകാർ മടങ്ങിയെത്തുന്നതിന് മുൻപ് മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വീടുകളിൽ അതിക്രമിച്ച് കയറിയതിനും മോഷണത്തിനും നാശ നഷ്ടമുണ്ടാക്കിയതിനും സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 18ന് ശേഷം മാത്രം 4 വീടുകളിലാണ് ഇയാൾ മോഷണം നടത്തിയത്.