തിരുവനന്തപുരം : ആറു കോർപറേഷൻ മേയർമാർക്കും 87 നഗരസഭാ അധ്യക്ഷന്മാർക്കും നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺനമ്പർ അനുവദിച്ചു. ഉദ്യോഗസ്ഥരിൽ നഗരസഭകളിലെയും കോർപറേഷനുകളിലെയും സെക്രട്ടറിമാർ, അഡീഷനൽ സെക്രട്ടറിമാർ, നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ഔദ്യോഗിക നമ്പർ അനുവദിച്ചത്. ഓരോ മാസവും നിശ്ചിത തുകയ്ക്ക് ഫോൺ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും എസ്എംഎസ് അയയ്ക്കാനും സാധിക്കും. സ്ഥലംമാറ്റവും വിരമിക്കലും അനുസരിച്ച് പുതിയ ഉദ്യോഗസ്ഥർ വരുമ്പോൾ ഇവരുടെ ഫോൺ നമ്പർ ലഭ്യമാകുന്നതിൽ നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിനാണ് ഔദ്യോഗിക നമ്പർ അനുവദിച്ചത്. പുതിയ സംവിധാനത്തിൽ ഓരോ നഗരസഭയ്ക്കും കോർപറേഷനും നഗരകാര്യവകുപ്പിലെ ഓഫിസുകൾക്കും സ്ഥിരമായി ഒരു ഫോൺനമ്പർ ഉണ്ടാകും. നിലവിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ഔദ്യോഗിക നമ്പർ ഉണ്ട്.