ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 87കാരി ബലാത്സംഗത്തിനിരയായി. തിലക് നഗറിലാണ് സംഭവമുണ്ടായത്. സ്ത്രീയുടെ മകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘമാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറഞ്ഞു. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ആവശ്യമായ കൗൺസിലിംഗും എല്ലാ സഹായവും നൽകുമെന്നും പോലീസ് അറിയിച്ചു.
2020-ലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡൽഹിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-ൽ സ്ത്രീകൾക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 7,948 ആയിരുന്ന സ്ഥാനത്ത് 2021-ൽ ഇത് 11,527 ആയി ഉയർന്നിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ബലാത്സംഘങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരമാണ് ഡൽഹി.