ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 213 ആയി. മഹാരാഷ്ട്രയിൽ 11 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 54 ആയി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 57 ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേ സമയം കോവിഡിൻറെ ഡെൽറ്റ വേരിയൻറിനേക്കാൾ മൂന്നിരട്ടി വ്യാപന ശേഷി കൂടിയതാണ് ഒമിക്രോൺ വകഭേദമെന്നും രാജ്യത്ത് ഒമിക്രോൺ കേസുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ രാത്രി കർഫ്യു ഏർപ്പെടുത്തണമെന്നും സർക്കാർ നിർദേശിച്ചു. രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രാഗബാധിതരുടടെ എണ്ണം 78,190 ആയി. 575 ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 318 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.